പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൽജിയം ഫുട്ബോൾ താരം ഈഡൻ ഹസാർഡ്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് രാജ്യാന്തര,ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റുകളിൽ നിന്ന് വിരമിക്കുന്ന തീരുമാനം താരം അറിയിച്ചത്.
“16 വർഷത്തിനും 700ലധികം മത്സരങ്ങൾക്കും ശേഷം ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ എന്ന നിലയിൽ കരിയർ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു” എന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് ഈഡൻ ഹസാർഡ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
കളിക്കളത്തിലെ എക്കാലത്തെയും മികച്ച ഡ്രിബ്ലർമാരിൽ ഒരാളായ ഹസാർഡിന്റെ ചെൽസിയിൽ നിന്നുള്ള ചുവടുമാറ്റം ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രീമിയർ ലീഗിൽ ചെൽസിക്ക് വേണ്ടി 352 മത്സരങ്ങളിൽ നിന്ന് അദ്ദേഹം നേടിയത് 110 ഗോളുകളാണ്.
89 മില്യൻ പൗണ്ടിന് ചെൽസിയിൽ നിന്ന് റയലിൽ എത്തിയ ഹസാർഡിന് 54 ലീഗ് മത്സരങ്ങൾ മാത്രമാണ് റയലിനു വേണ്ടി കളിക്കാനായത്. കണങ്കാലിനേറ്റ പരിക്ക് അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു.