തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഒക്ടോബര്‍ 19 ന് വൈകിട്ടാണ് ആദരിക്കല്‍ ചടങ്ങ്. ഇതിന്റെ ഭാഗമായി മെഡല്‍ ജേതാക്കളെ കായിക വകുപ്പ് ക്ഷണിച്ചു തുടങ്ങിയതായാണ് വിവരം. കൂടാതെ ഒക്ടോബര്‍ 18 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ താരങ്ങള്‍ക്കുള്ള പാരിതോഷികവും തീരുമാനിക്കും.
ഏഷ്യന്‍ ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അഭിനന്ദനമോ അര്‍ഹമായ പരിഗണനയോ പാരിതോഷികമോ ലഭിച്ചില്ലെന്ന ആരോപണങ്ങള്‍ ഉന്നയിച്ച് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയെ തുടര്‍ന്ന് കേരളം വിടുന്നതിന് കുറിച്ച് പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റേയും അവഗണനയാണ് പ്രധാന കാരണം. സര്‍ക്കാരില്‍ നിന്നും ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പ്രണോയ് പറഞ്ഞിരുന്നു. ഇതിന് താരങ്ങള്‍ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി വി അബ്ദുറഹിമാനും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചിരുന്നു. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോക്കി താരം പി ആര്‍ ശ്രീജേഷും രംഗത്തെത്തിയിരുന്നു. മെഡല്‍ നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും ഒന്നു കാണാന്‍ വന്നില്ലെന്ന് ശ്രീജേഷ് പറഞ്ഞത്.
