പാറശ്ശാല : ഒരു വർഷം മുൻപ് കെട്ടിടത്തിൽനിന്നു വീണുമരിച്ച കള്ളിക്കാട് മൈലച്ചൽ സ്വദേശി തോമസ് അഗസ്റ്റിൻനാഥിന്റെ മൃതദേഹം കല്ലറ തുറന്ന് വീണ്ടും പരിശോധിച്ചു.
തോമസിന്റേത് കൊലപാതകമാണെന്ന് ബന്ധുക്കൾ ഹൈക്കോടതിയിൽ നൽകിയ പരാതിയെത്തുടർന്നാണ് റീപോസ്റ്റ്‌മോർട്ടം നടത്തിയത്.
കള്ളിക്കാട്, മൈലച്ചലിൽ വാടകയ്ക്കു താമസിക്കുന്ന തോമസ് അഗസ്റ്റിൻ നാഥ് 2022 ഫെബ്രുവരി അഞ്ചിനാണ് ജോലിചെയ്തുകൊണ്ടിരുന്ന വിതുര തൊളിക്കോട്ടെ കെട്ടിടത്തിൽനിന്നു വീണത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചു.
ജോലിക്കിടെ കെട്ടിടത്തിൽനിന്നു വീണതാണെന്നാണ് ഒപ്പമുണ്ടായിരുന്നവർ ബന്ധുക്കളോടും പോലീസിനോടും പറഞ്ഞിരുന്നത്. തോമസിന്റെ ബന്ധുക്കൾ വിതുര പോലീസിൽ പരാതി നൽകി.
മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്.
വിതുര പോലീസ് തുടർ നടപടികൾ എടുക്കാത്തതിനെത്തുടർന്നാണ് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചത്.
കെട്ടിടനിർമാണ തൊഴിലാളിയായിരുന്നു തോമസ്. അപകടദിവസം ജോലി കഴിഞ്ഞ് വീട്ടിൽ പോകേണ്ടെന്നു കരാറുകാരൻ പറഞ്ഞിരുന്നു. ജോലിസ്ഥലത്ത് മറ്റു രണ്ടുപേർക്കൊപ്പമാണ് തോമസ് കഴിഞ്ഞത്. തൊട്ടടുത്ത ദിവസം രാവിലെ ബന്ധുക്കൾ അറിയുന്നത് തോമസ് കെട്ടിടത്തിൽനിന്നു വീണെന്നാണ്.
ആശുപത്രിയിൽ ചികിത്സയിലിരിക്കേ തോമസ് ബന്ധുക്കളോടു തന്നെ മർദിച്ചതാണെന്ന് അറിയിച്ചിരുന്നു.
വീണ് പരിക്കേറ്റതല്ലെന്നു ചികിത്സിച്ച ഡോക്ടറും ബന്ധുക്കളോടു പറഞ്ഞിരുന്നു. തുടർന്നാണ് വിതുര പോലീസിൽ പരാതി നൽകിയത്. തഹസിൽദാരുടെ നേതൃത്വത്തിലാണ് റീപോസ്റ്റ്‌മോർട്ടം നടത്തിയത്.
