വാട്‌സ്ആപ്പില്‍ പരസ്യം കൊണ്ടുവരാനുള്ള ശ്രമങ്ങളുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസ്, ചാനല്‍സ് എന്നിവയിലെല്ലാം പരസ്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് വാട്‌സ്ആപ്പ്. ഇതിനൊപ്പം തന്നെ മെസേജിങ് ആപ്പ് ഒരേസമയം വോയിസ് മെസേജും സ്റ്റിക്കറുകളും ഉപയോഗിക്കാനുള്ള ഫീച്ചറുകളും വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പരസ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് കമ്പനിയുടെ വരുമാനം വര്‍ധിപ്പിക്കാനാണ് വാട്‌സ്ആപ്പ് ശ്രമിക്കുന്നത്. വാട്‌സ്ആപ്പ് സ്റ്റാറ്റസിലും ചാനലുകളിലും പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതയെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ വാട്‌സ്ആപ്പ് സിഇഒ വില്‍ കാത്ത്കാര്‍ട്ട് സൂചന നല്‍കിയിരുന്നു. സ്റ്റാറ്റസ്, ചാനല്‍സ് എന്നീ വിഭാഗങ്ങളിലാണ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
പ്രൈമറിയായി എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്ന രീതിയില്‍ ചാനലുകളില്‍ പരസ്യങ്ങള്‍ വന്നാല്‍, ചാനലുകള്‍ നിയന്ത്രിക്കുന്ന ആളുകള്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ ബേസ്ഡ് ആക്സസ് നല്‍കാനോ ചാനല്‍ ഉടമകള്‍ക്ക് അവരുടെ കണ്ടന്റ് പ്രമോട്ട് ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കുകയോ സാധിക്കും. സ്റ്റാറ്റസില്‍ വരുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കാണുന്നതിന് സമാനമായിരിക്കും. ചാറ്റ ഇന്റര്‍ഫേസിലേക്ക് പരസ്യങ്ങള്‍ വരില്ലെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു.
വാട്‌സ്ആപ്പിന്റെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനുമുള്ള വിശാലമായ തന്ത്രമാണ് വാട്‌സ്ആപ്പ് നടപ്പാക്കുന്നത്. വാട്‌സ്ആപ്പ് ഫീച്ചറുകള്‍ വിപുലീകരിക്കാനും പുതിയതായി പണം സമ്പാദിക്കാനുള്ള മോഡലുകള്‍ കണ്ടെത്താനും കമ്പനി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പരസ്യങ്ങള്‍ കണ്ടന്റിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ഉപയോക്താക്കളുടെ ഇന്ററാക്ഷന്‍ കുറയ്‌ക്കുകയും ചെയ്യും. ഇത് വാട്‌സ്ആപ്പിനെ സാരമായി ബാധിച്ചേക്കാം. എന്നാല്‍ മിതമായ രീതിയില്‍ പരസ്യങ്ങള്‍ നല്‍കി വരുമാനം ഉണ്ടാക്കാനാണ് വാട്‌സ്ആപ്പിന്റെ ശ്രമം.
