കൊച്ചി: ശബരിമല തീർത്ഥാടകർക്കായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇടത്താവളം ആരംഭിച്ചു. സിയാൽ ആഭ്യന്തര ടെർമിനലിന് സമീപത്താണ് ഇടത്തവളം ഒരുക്കിയിരിക്കുന്നത്. ഇടത്താവളം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
തീർത്ഥാടകർക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഇടത്താവളത്തിൽ സൗകര്യമുണ്ട്. ഈ വർഷം വിമാനമാർഗം വരുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു
41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡലകാലത്ത് 2 കോടി ഭക്തരാണ് ശബരിമലയിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം ഒരു ലക്ഷത്തിൽ താഴെ ഭക്തർ വിമാനമാർഗം ശബരിമല ദർശനത്തിന് എത്തിയെന്നാണ് കണക്കുകൾ.
ഈ വർഷം കൂടുതൽ തീർഥാടകർ വിമാനമാർഗം ശബരിമല ദർശനത്തിനെത്തുമെന്നാണ് കണക്കാക്കുന്നത്. ഇവർക്ക് വേണ്ടിയാണ് സിയാൽ ഇടത്താവളം ഒരുക്കിയിരിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഹെല്‍പ് ഡെസ്ക്കും ഇടത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശബരിമല കൗണ്ടറും വിമാനത്തവളത്തിൽ പ്രവർത്തനം ആരംഭിക്കും.
