പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സലാര്‍ പാര്‍ട്ട് 1-സീസ് ഫയറി’ന്റെ ട്രെയിലർ പുറത്തിറങ്ങി. കെ.ജി.എഫ്, കാന്താര എന്നീ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിനു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമിക്കുന്ന “സലാർ” സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്.
തെന്നിന്ത്യന്‍ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കര്‍ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഡിസംബര്‍ 22-ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.
ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഹോംബാലെ ഫിലിംസും ഹിറ്റ് സംവിധായകനും കെ.ജി.എഫിന് ശേഷം വീണ്ടും ഒന്നിക്കുകയാണ്. അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും വലിയ ഇന്ത്യന്‍ ചിത്രമായിരിക്കും സലാര്‍.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ‘സലാറി’ല്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.