ബെയിജിംഗ്: ചൈനയില്‍ കനത്ത മഴയില്‍ രണ്ട് അണക്കെട്ടുകൾ തകർന്നതായി റിപ്പോർട്ട്. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. 1.6 ട്രില്ലണ്‍ ക്യൂബിക്ക് ഫീറ്റ് ജലം ഉള്‍കൊള്ളാന്‍ പറ്റുന്ന അണക്കെട്ടുകളാണ് തകര്‍ന്നത് എന്നാണ് ചൈനീസ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച രാവിലെയോടെയാണ് അണക്കെട്ടുകള്‍ തകര്‍ന്നത്. ഞായറാഴ്ച തന്നെ കനത്ത മഴയെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചതിനാല്‍ ജീവഹാനികള്‍ ഒന്നും സംഭവിച്ചില്ലെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടയില്‍ ഇന്നര്‍ മംഗോളിയയിലെ ഹുലുനുബൂര്‍ പട്ടണത്തിന് സമീപമുള്ള അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ 87 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. നേരത്തെ തന്നെ ഈ പ്രദേശങ്ങളില്‍ മൂന്നാം ലെവല്‍ പ്രളയ മുന്നറിയിപ്പ് ചൈനീസ് ഭരണകൂടം നല്‍കിയിരുന്നു എന്നാണ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ ആഴ്ച തന്നെ അണക്കെട്ടിന്‍റെ താഴ്ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അണക്കെട്ട് തകര്‍ന്നതിന് ശേഷവും പ്രദേശത്ത് ദുരന്ത നിവാരണ സേന പരിശോധന തുടരുകയാണ് എന്നാണ് ഏജന്‍സി റിപ്പോര്‍ട്ട്.

ദക്ഷിണ പടിഞ്ഞാറന്‍ ചൈനയില്‍ തുടരുന്ന മഴക്കെടുതിയില്‍ ഇവിടുത്തെ പ്രവിശ്യയായ സീയിച്യൂനാലില്‍ ഇതിനകം ആയിരത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഈ പ്രവിശ്യയിലെ 14 നദികള്‍ ഒരാഴ്ചയായി അപകട രേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് പ്രകാരം 4,600 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here