ആലപ്പുഴ: അഭിഭാഷകയെന്ന് ആള്‍മാറാട്ടം നടത്തി ഒളിവില്‍ പോയ സെസി സേവ്യർ ഡെൽഹിയിലെന്ന് പൊലീസ്. സെസി തട്ടിപ്പ് നടത്തിയതിനേക്കുറിച്ച് മാര്‍ച്ച് മാസത്തില്‍ തന്നെ അഭിഭാഷകര്‍ക്ക് സൂചന ലഭിച്ചിരുന്നു. ഈ സമയത്ത് തന്നെ ഇവര്‍ ഒളിവില്‍ പോയതായാണ് വിവരം.

കഴിഞ്ഞ ദിവസം ആള്‍മാറാട്ടം വാര്‍ത്തയായതോടെ സെസി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ ടവർ ലൊക്കേഷൻ തിരഞ്ഞുള്ള അന്വേഷണം അസാധ്യമായെന്നാണ് പൊലീസ് പറയുന്നത്. ഈ ഘട്ടത്തില്‍ ദില്ലിയിലേക്ക് പോകാനുള്ള ആലോചനയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം, സെസി അഭിഭാഷകവൃത്തി തുടങ്ങാനായി ബാർ അസോസിയേഷനിൽ നൽകിയ എൻറോൾമെന്റ് നമ്പർ മറ്റാരുടേതോ അല്ലെന്നും സൂചനയുണ്ട്. ഇവർ നൽകിയ നമ്പറിൽ ആരും എൻറോൾമെന്റ് നടത്തിയിട്ടില്ലെന്ന് ബാർ അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. വിവരങ്ങൾ പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പാക്കേണ്ടത് ബാർ അസോസിയേഷനാണെന്നും കോടതിക്കോ ബാർ കൗൺസിലിനോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും നിയമവിദഗ്ധർ പറയുന്നു.

ഒരാൾ എൻറോൾ ചെയ്താൽ ആ വിവരം മാത്രമാണ് കൗൺസിലിൽ ഉണ്ടാകുക. രേഖകൾ നൽകുന്നത് അസോസിയേഷനിലാണ്. നിയമ പരീക്ഷ ജയിച്ചാൽ പ്രാക്ടീസ് ചെയ്യാനായി ബാർ കൗൺസിലിൽ അപേക്ഷ നൽകണമെങ്കിലും രേഖകൾ പരിശോധിക്കുന്നത് അതത് ബാർ അസോസിയേഷനുകളാണ്. ഏതെങ്കിലും രേഖകൾ കിട്ടാനുണ്ടെങ്കിൽ അത് ആവശ്യപ്പെടേണ്ടതും അസോസിയേഷനാണ്.

പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളാണ് നൽകുന്നതെങ്കിൽ അവ പരിശോധിച്ച് അംഗത്വം നൽകാറുണ്ട്. സംശയമുണ്ടെങ്കിൽ ഒറിജിനൽ ആവശ്യപ്പെടും. സെസി ആൾമാറാട്ടം നടത്തിയെന്ന് പറയാനാവില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മറ്റൊരാളുടെ എൻറോൾമെന്റ് നമ്പറോ സർട്ടിഫിക്കറ്റോ ഉപയോഗിച്ചാലേ ആൾമാറാട്ടമാകൂ. ഇവിടെ ഇല്ലാത്ത നമ്പർ ഉപയോഗിച്ചാണ് സെസി തട്ടിപ്പ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here