സ്മാർട് ഫോൺ വിപണിയിൽ ചൈനീസ് കമ്പനികളെല്ലാം വൻ കുതിപ്പോടെ മുന്നേറുകയാണ്. സാംസങ്ങും ആപ്പിളും മുന്നേറ്റം നടത്തിയിരുന്ന മേഖലകളിലെല്ലാം ചൈനീസ് ബ്രാൻഡുകളാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. ആഗോള 5ജി സ്മാർട് ഫോൺ വിപണിയിൽ ചൈനീസ് കമ്പനി ഷഓമിയാണ് ഒന്നാമത് നിൽക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട് ഫോൺ നിർമാണ കമ്പനിയായ സാംസങ്ങ് 5ജി ഫോൺ വിഭാഗത്തിൽ നാലാം സ്ഥാനത്തുമായി.
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 1.56 കോടി യൂണിറ്റ് 5ജി സ്മാർട് ഫോണുകളാണ് സാംസങ്ങ് വിറ്റത്. 5ജി വിഭാഗത്തിൽ ഇക്കഴിഞ്ഞ രണ്ടു മാസ കാലയളവിൽ സാംസങ്ങിന് 16.5 ശതമാനം വിപണി വിഹിതമുണ്ടെന്നാണ് മാർക്കറ്റ് റിസർച്ചർ സ്ട്രാറ്റജി അനലിറ്റിക്ക പറയുന്നത്.
എന്നാൽ, ഒന്നാം സ്ഥാനത്തുള്ള ചൈനീസ് ഷഓമിക്ക് 5ജി വിപണിയിൽ 25.7 ശതമാനം വിഹിതമുണ്ട്. വിവോ 18.5 ശതമാനം ഓഹരിയോടെ രണ്ടാം സ്ഥാനത്തും, 17.9 ശതമാനം വിഹിതവുമായി ഓപ്പോ മൂന്നാം സ്ഥാനത്തുമാണ്. ആഗോള ആൻഡ്രോയിഡ് 5ജി സ്മാർട് ഫോൺ വിപണി 104 ശതമാനം വർധിച്ച് ഇപ്പോൾ 9.46 കോടി യൂണിറ്റായി. 2019 ന്റെ തുടക്കം മുതൽ 5ജി സ്മാർട് ഫോൺ വിൽപനയിൽ സാംസങ്ങ് വിവോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു. 5ജി സ്മാർട് ഫോണുകളുടെ ലോകത്തിലെ ആദ്യത്തെ വിതരണക്കാരാണ് സാംസങ്ങ്. 2019 ന്റെ ആദ്യം മുതൽ 7.65 കോടി ആൻഡ്രോയിഡ് 5ജി സ്മാർട് ഫോണുകളാണ് സാംസങ്ങ് വിറ്റത്. അതേസമയം വിവോയുടെ 5ജി ഫോൺ വിൽപന 9.52 കോടി യൂണിറ്റിലെത്തി.
You must be logged in to post a comment Login