സംസ്ഥാനത്ത് ഡിസംബർ മൂന്ന്, നാല് തിയതികളിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറത്തിറക്കി.
ഉച്ചക്ക് രണ്ടുമണി മുതൽ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണം.കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കൺട്രോൾ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം.