അടുത്ത സാമ്പത്തിക വർഷം കഴിയുന്നതിനു മുന്നേ പുതിയ വൈദ്യുത വാഹനം അവതരിപ്പിക്കുമെന്ന് എം ജി മോട്ടർ ഇന്ത്യ. ആഗോളതലത്തിൽ അവതരിപ്പിക്കുന്ന പുത്തൻ പ്ലാറ്റ്ഫോം അടിത്തറയാക്കി, ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായ പരിഷ്കാരങ്ങളോടെ പുതിയ വൈദ്യുത ക്രോസോവർ അവതരിപ്പിക്കാനാണ് എം ജി മോട്ടോറിന്റെ നീക്കം. 10 മുതൽ 15 ലക്ഷം രൂപ വരെ വിലനിലവാരത്തിലാവും എം ജിയുടെ അടുത്ത ഇ വിയുടെ വരവ്. നിലവിൽ വൈദ്യുത എസ് യു വിയായ ‘സെഡ് എസ്’ കമ്പനി ഇന്ത്യയിൽ വിൽക്കുന്നുണ്ട്; രണ്ടു വകഭേദങ്ങളിൽ ലഭ്യമായ ഈ ഇ വിക്ക് 21 ലക്ഷം മുതൽ 24.68 ലക്ഷം രൂപ വരെയാണു ഷോറൂം വില.
രാജ്യത്തിന്റെ ഭാവി വൈദ്യുത വാഹനങ്ങളാവുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിനു വ്യക്തത കൈവന്ന സാഹചര്യത്തിലാണു പുത്തൻ ഇ വിയുടെ സാധ്യത പരിഗണിക്കുന്നതെന്ന് എം ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ വിശദീകരിച്ചു. 2022 — 23 സാമ്പത്തിക വർഷം തന്നെ പുതിയ ഇ വി പുറത്തിറക്കാനാണു കമ്പനി തയാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗത ഇ വി വിഭാഗത്തിൽ വ്യാപക വിൽപ്പനയാണു ലക്ഷ്യമിടുന്നതെന്നും അതുകൊണ്ടുതന്നെ വില 15 ലക്ഷം രൂപയിൽ താഴെയാവുമെന്നും ഛാബ വെളിപ്പെടുത്തി.
You must be logged in to post a comment Login