പട്ന: ഹോളിദിനത്തില്‍ ബിഹാറില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ അതിക്രമം. ഏഴുവയസ്സുകാരിയെ യുവാവ് സ്കൂളിലെ ശൗചാലയത്തില്‍വെച്ച് ബലാത്സംഗം ചെയ്തു. ബലാത്സംഗശ്രമം ചെറുത്ത ഒമ്പതുവയസ്സുകാരിക്കും ആക്രമണത്തില്‍ പരിക്കേറ്റു. ബിഹാറിലെ ബെഗുസരായിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കേസില്‍ പ്രതിയായ ഛോട്ടുകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഹോളിദിവസം മാര്‍ക്കറ്റില്‍പോയി മടങ്ങിവരുന്നതിനിടെയാണ് സുഹൃത്തുക്കളായ രണ്ടുപെണ്‍കുട്ടികള്‍ക്ക് നേരേ അതിക്രമമുണ്ടായത്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഊഞ്ഞാലില്‍ കയറാനായാണ് ഏഴുവയസ്സുകാരിയും ഒമ്പതുവയസ്സുകാരിയും സ്കൂളിലെത്തിയത്. ഇതിനിടെയാണ് പ്രതി രണ്ടുപെണ്‍കുട്ടികളെയും ആക്രമിച്ചത്.
കുട്ടികളെ പ്രലോഭിപ്പിച്ച് സ്കൂളിലെ ശൗചാലയത്തില്‍ എത്തിച്ച പ്രതി, ഏഴുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഒമ്പതുവയസ്സുകാരിയെയും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഇതിനെ ചെറുത്തു. ഇതോടെ പ്രതി കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഒമ്പതുവയസ്സുകാരിയുടെ കവിളില്‍ കടിച്ചാണ് ഇയാള്‍ പരിക്കേല്‍പ്പിച്ചത്.