ആറ്റിങ്ങൽ: കരിച്ചിയിൽ പ്രദേശത്ത് മാലിന്യം തോട്ടിൽ തള്ളിയ വാഹനത്തെയും ഉടമയെയും കണ്ടെത്തി 20000 രൂപ പിഴയിട്ട് ആറ്റിങ്ങൽ നഗരസഭ. കീഴാറ്റിങ്ങൽ ജെ.പി നിവാസിൽ ജെ. പ്രകാശിന്റെ കെ.എൽ 16 എഫ് 5977 എന്ന രജിസ്ട്രേഷനുള്ള മഹീന്ദ്ര പിക് അപ് വാഹനത്തിൽ മാലിന്യം തോട്ടിൽ തള്ളിയതായി കണ്ടെത്തിയ നഗരസഭ ഉടമക്ക് പിഴ ചുമത്തുകയായിരുന്നു.
മാലിന്യം തോട്ടിൽ തള്ളാൻ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. ആറ്റിങ്ങൽ കരിച്ചിൽ പ്രദേശത്ത് ചാക്കുകെട്ടുകളിലാക്കിയ മാലിന്യം തോട്ടിൽ തള്ളിയതിനെതുടർന്ന് ഒഴുക്ക് നിലക്കുകയും തോട് കരകവിഞ്ഞൊഴുകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.