ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്രയാൻ 3 നെ ബഹിരാകാശത്ത് എത്തിച്ച റോക്കറ്റിന്റെ പ്രധാന ഭാഗം കടലിൽ പതിച്ചു. വിക്ഷേപണം കഴിഞ്ഞ് 124 ദിവസത്തിനു ശേഷമാണ് ചാന്ദ്രയാൻ മൂന്നിനെ ബഹിരാകാശത്ത് എത്തിച്ച എൽ വി എം3 റോക്കറ്റിന്റെ ക്രയോജനിക്ക് അപ്പർ സ്റ്റേജ് നിയന്ത്രണം വിട്ട് വടക്കൻ പസഫിക്ക് സമുദ്രത്തിൽ വീണത്.
ബഹിരാകാശ മാലിന്യമായി ഭ്രമണം ചെയ്തിരുന്ന റോക്കറ്റിനെ തുടർച്ചയായി ഐഎസ്ആർഒ നിരീക്ഷിച്ചുവരികയും അപകടം ഒഴിവാക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിരുന്നു. അഞ്ച് ടണ്ണോളം വരുന്ന ഭാഗം 2.42ന് ഭൗമ അന്തരീക്ഷത്തിലേക്ക് കുതിച്ചെത്തുകയും തുടർന്ന് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കാതെ കടലിൽ പതിക്കുകയും ആയിരുന്നു.
റോക്കറ്റിന്റെ ക്രയോജനിക്ക് ഘട്ടമായിരുന്നു ചാന്ദ്രയാൻ 3 പേടകത്തെ 133 കിലോമീറ്ററിനും 35,823 കിലോമീറ്ററിനും ഇടയിലുള്ള ദീർഘവൃത്ത ഭ്രമണപഥത്തിൽ എത്തിച്ചത്. ദൗത്യ പൂർത്തീകരണത്തിന് ശേഷം റോക്കറ്റിന്റെ ക്രയോജനിക്ക് അപ്പർ സ്റ്റേജിനെ പടിപടിയായി പദം താഴ്‌ത്തി കൊണ്ട് വരികയായിരുന്നു.
ബഹിരാകാശ മാലിന്യ നിയന്ത്രണം സംബന്ധിച്ച അന്താരാഷ്‌ട്ര മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾഉണ്ടാകാനിടയുള്ള പൊട്ടിത്തെറി ഒഴിവാക്കാൻ ഇന്ധനം, വാതകം തുടങ്ങിയവ ബഹിരാകാശത്ത് വച്ച് തന്നെ ഒഴിവാക്കി. കഴിഞ്ഞ ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ചാന്ദ്രയാൻ 3 വിക്ഷേപിച്ചത്. തുടർന്ന് ആഗസ്റ്റ് 23ന് വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ചാന്ദ്രയാൻ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തെ പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്തിരുന്നു.
