പഠനവും ജോലിയും ഓൺലൈനിലേക്ക് മാറ്റിയതോടെ ടെലികോം സേവനദാതാക്കളുടെ നെറ്റ്വർക്ക് വേഗം കുത്തനെ കുറഞ്ഞുവെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ മിക്ക നെറ്റ്വർക്കുകളുടെയും വേഗം കുത്തനെ കൂടിയെന്നാണ് ട്രായിയുടെ റിപ്പോർട്ടിൽ കാണിക്കുന്നത്. ട്രായിയുടെ റിപ്പോർട്ട് പ്രകാരം 4ജി ഡൗൺലോഡിങ് വേഗത്തിൽ ജിയോയും അപ്ലോഡിങ്ങിൽ വോഡഫോൺ ഐഡിയയുമാണ് ഒന്നാമത്. ട്രായ് ഡേറ്റ പ്രകാരം റിലയൻസ് ജിയോയുടെ ശരാശരി 4ജി ഡൗൺലോഡ് വേഗം സെക്കൻഡിൽ 20.9 മെഗാബൈറ്റ് (എംബിപിഎസ്) ആണ്. അപ്ലോഡ് വേഗം സെക്കൻഡിൽ 7.2 എംബിപിഎസുമായി വോഡഫോൺ ഐഡിയയും ഒന്നാമതെത്തി. ജിയോയുടെ 4ജി നെറ്റ്വർക്ക് വേഗം സെപ്റ്റംബറിൽ 15 ശതമാനം വർധിച്ചപ്പോൾ എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ വേഗം യഥാക്രമം 85 ശതമാനവും 60 ശതമാനവും വർധിച്ച് 11.9 എംബിപിഎസ്, 14.4 എംബിപിഎസ് എന്നിങ്ങനെയായി.
ഡൗൺലോഡ് വേഗം ഉപഭോക്താക്കളെ ഇന്റർനെറ്റിൽ നിന്ന് ഉള്ളടക്കം ആക്സസ് ചെയ്യാൻ സഹായിക്കുന്നതാണ്. അതേസമയം അപ്ലോഡ് വേഗം അവരുടെ കോൺടാക്റ്റുകളിലേക്ക് ചിത്രങ്ങളോ വിഡിയോകളോ അയയ്ക്കാനോ അവരുമായി പങ്കിടാനോ സഹായിക്കുന്നു.
ട്രായി റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിൽ മൂന്ന് ടെലികോം സ്വകാര്യ ഓപ്പറേറ്റർമാരുടെ 4ജി അപ്ലോഡ് വേഗത്തിലും പുരോഗതിയുണ്ട്. വോഡഫോൺ ഐഡിയ സെപ്റ്റംബറിൽ ശരാശരി 7.2 എംബിപിഎസ് അപ്ലോഡ് വേഗം നിലനിർത്തി. 6.2 എംബിപിഎസ് അപ്ലോഡ് വേഗവുമായി റിലയൻസ് ജിയോയും 4.5 എംബിപിഎസുമായി ഭാരതി എയർടെലും തൊട്ടുപിന്നാലെയുണ്ട്. പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമാണ് 4ജി സേവനം നൽകുന്നത്. എന്നാൽ ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് വേഗം ട്രായ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
You must be logged in to post a comment Login