തെലങ്കാനയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് നിയന്ത്രണം വിട്ട് കയറുന്ന ബൈക്കിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കടയുടെ അകത്തേക്ക് അമിത വേഗത്തിൽ കയറിവരുന്ന ബൈക്ക് ഡെസ്കിൽ ഇടിച്ച് നിൽക്കുന്നതും ബൈക്ക് യാത്രികൻ തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥാപനത്തിന് അകത്തുണ്ടായിരുന്ന ഉപഭോക്താക്കൾ കുതറി മാറിയതിനാൽ ആളപായമുണ്ടായില്ല.
തെലങ്കാനയിലെ ഖമ്മം ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. റാവിച്ചെട്ട് ബാസാറിലൂടെ സഞ്ചരിച്ചിരുന്ന പൾസർ ബൈക്കിന് നിയന്ത്രണം വിടുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ടുവെന്നാണ് ബൈക്ക് യാത്രികൻ പോലീസിനെ അറിയിച്ചത്. സംഭവം നടന്നതിന് പിന്നാലെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു.
സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് ഏതാനും സെക്കൻഡുകൾ മാത്രമുള്ള വീഡിയോയിലുള്ളത്.
You must be logged in to post a comment Login