കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂരിനും ആന്‍റോ ജോസഫിനും ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്. നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. ഇവരുടെ ടിഡിഎസ് കണക്കുകളിൽ വൻ തുകയുടെ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ആന്‍റണി പെരുമ്പാവൂരിന്‍റെ ഉടസ്ഥതയിലുളള ആശീർവാദ് ഫിലിംസ്, ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, ആന്‍റോ ജോസഫിന്‍റെ ആൻ മെഗാ മീഡിയ എന്നിവിടങ്ങളിൽ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു.
താരങ്ങൾക്ക് പ്രതിഫലം നൽകുമ്പോൾ ടിഡിഎസ് കുറച്ചിട്ടുളള തുകയാണ് നിർമാതാക്കൾ നൽകുന്നത്. ഈ ടിഡിഎസ് പിന്നീട് ആദായ നികുതിയായി അടയ്ക്കണം. എന്നാൽ പല നിർമാതാക്കളും ഈ തുക അടയ്ക്കാതെ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. താരങ്ങളുടെ പ്രതിഫലം കുറച്ച് കാണിച്ചും ടിഡിഎസ് വെട്ടിപ്പ് നടത്തിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. യഥാർഥ പ്രതിഫലത്തിന്‍റെ നാലിലൊന്നുമാത്രം കണക്കിൽ കാണിക്കുകയും ബാക്കി തുകയ്ക്കുളളത് വിതരണക്കരാറായി മാറ്റുകയുമാണ് ചെയ്യുന്നത്. ഇതു ബോധ്യപ്പെട്ടതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് കണക്കുകളുമായെത്താൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.