പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച കോളജ് വിദ്യാർത്ഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നീർകൊഴിയെന്തൽ സ്വദേശി എൽ മണികണ്ഠനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മണികണ്ഠനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്കുകൾ പൊലീസ് തടഞ്ഞു. സുഹൃത്തുക്കൾ ബൈക്ക് നിർത്തിയെങ്കിലും മണികണ്ഠൻ നിർത്താതെ പോയി.
മണികണ്ഠന്റെ ബൈക്ക് പിന്തുടർന്ന പൊലീസ് സംഘം ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിന് ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി വീട്ടിലേക്ക് പറഞ്ഞുവിട്ടുവെങ്കിലും മണിക്കൂറുകൾക്കകം മണികണ്ഠനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് മണികണ്ഠൻ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നുവെന്നും, പൊലീസ് ക്രൂരമായി പീഡിപ്പിച്ചതിനെ തുടർന്നാണ് മണികണ്ഠൻ മരിച്ചതെന്നുമാണ് വീട്ടുകാർ പറയുന്നത്.
You must be logged in to post a comment Login