ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അച്ഛനെയും എട്ടുവയസുകാരിയായ മകളെയും അപമാനിച്ച സംഭവത്തില്‍ ഡിജിപിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്നാണ് കോടതി വിമര്‍ശനം. വിചാരണാ ദൃശ്യങ്ങളിലുള്ളതും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതും തമ്മില്‍ പൊരുത്തക്കേടുണ്ട്. പൊലീസ് ഉദ്യോഗസ്ഥയ്ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിട്ടും കേസെടുത്തില്ല.
കുട്ടിയെ അപമാനിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തെ കോടതി എതിര്‍ത്തു. കേസില്‍ സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് സംബന്ധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും വിമര്‍ശനമുയര്‍ന്നു.
മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസ് ഉദ്യോസ്ഥയുടെ ചുമതലയാണെന്നും അതിന് എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തെന്നും കോടതി ചോദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടിക്ക് സ്ഥലംമാറ്റം ഒരു ശിക്ഷയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
You must be logged in to post a comment Login