ട്വിറ്ററില്‍ പണമിടപാട് നടത്തുന്നതിനായി പേടിഎം ഓപ്ഷനും ഉള്‍പ്പെടുത്തി. ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ട്വിറ്റര്‍ അക്കൗണ്ട് മോണിറ്റൈസ് ചെയ്യുന്നതിനും ഫോളവര്‍മാരില്‍ നിന്നും മറ്റ് ട്വിറ്റര്‍ ഉപഭോക്താക്കളില്‍ നിന്നും പണം സ്വീകരിക്കുന്നതിനും വേണ്ടിയാണിത്. ഇന്ത്യയില്‍ 18 വയസിന് മുകളിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ടിപ്സ് (Tips) ഫീച്ചര്‍ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് ലഭിക്കും.
പേടിഎമ്മിന്റെ സഹായത്തോടെ യുപിഐ, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയെല്ലാം ഉപയോഗിച്ച് ഇനി പണമിടപാട് നടത്താനാകും.
കഴിഞ്ഞ വര്‍ഷം മേയിലാണ് ട്വിറ്റര്‍ പുതിയ ടിപ്പ് ജാര് ഫീച്ചര്‍ അവതരിപ്പിച്ചത്. സെപ്റ്റംബറില്‍ ഇത് ഐഓഎസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി. നവംബറില്‍ ഇത് ആന്ഡ്രോയിഡിലുമെത്തി.
നേരത്തെ ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ബിറ്റ് കോയിന്, എഥീറിയം അഡ്രസ് ലിങ്കുകളും, പേട്രണ്‍, റേസര്‍ പേ ലിങ്കുകളും നല്കാന് മാത്രമാണ് സാധിച്ചിരുന്നത്. പേടിഎം വരുന്നതോടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ക്രിയേറ്റര്‍മാരുമായി പണമിടപാട് നടത്താന്‍ സാധിക്കും.
ക്രിയേറ്റര്‍മാര്‍ക്ക് പേടിഎം ടിപ്പ് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം?
ട്വിറ്റര്‍ ആപ്പില്‍ പ്രൊഫൈല്‍ സെക്ഷനില്‍ പോയി എഡിറ്റ് പ്രൊഫൈല്‍ ബട്ടന് ക്ലിക്ക് ചെയ്യുക.
പ്രൊഫൈല്‍ എഡിറ്റ് ചെയ്യാനുള്ള സെക്ഷനില്‍ താഴെയായി Tips എന്നൊരു ഓപ്ഷന് കാണാം. നേരത്തെ ഇത് ഉപയോഗിച്ചിട്ടില്ലെങ്കില്‍ off എന്നായിരിക്കും കാണുക.
ഈ ഓപ്ഷന് നിങ്ങള്‍ക്ക് കാണുന്നില്ലെങ്കില്‍ നിങ്ങളുടെ പ്രൊഫൈലില്‍ ജനന തീയ്യതി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. 18 വയസിന് താഴെയുള്ളവര്‍ക്ക് ഈ ഫീച്ചര്‍ ഒഴിവാക്കിയിട്ടുണ്ട്. പ്രായം വ്യക്തമാക്കിയിട്ടില്ലെങ്കില്‍ ഈ സൗകര്യം ലഭിക്കില്ല.
Tips ക്ലിക്ക് ചെയ്താല്‍ മറ്റൊരു സ്ക്രീന്‍ തുറന്നുവരും അവിടെ ടിപ്സ് ഫീച്ചര്‍ ഓണ്‍ ആക്കുന്നതിനും ഓഫ് ആക്കുന്നതിനുമുള്ള ടോഗിള്‍ ബട്ടനുണ്ടാവും.
അതിന് താഴെയായി ബിറ്റ്കോയിന്, എഥീറിയം, പേട്രണ്‍, പേടിഎം, റേസര്‍പേ തുടങ്ങി വിവിധ പേമെന്റ് രീതികളും അതിന് നേരെ ടെക്സ്റ്റ് ഫീല്‍ഡുകളും കാണാം.
പേടിഎം തിരഞ്ഞെടുത്ത് നിങ്ങളുടെ പേടിഎം വാലറ്റുമായി ട്വിറ്ററിനെ ബന്ധിപ്പിക്കുക. ഇത് പൂര്‍ത്തിയായാല്‍ ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ പ്രൊഫൈലിന് താഴെയായി പേടിഎം ലിങ്കും കാണാനാവും. ഈ ലിങ്ക് ഉപയോഗിച്ച് ഫോളോവര്‍മാര്‍ക്കും മറ്റ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കും പണമയക്കാനാവും.
You must be logged in to post a comment Login