വിഖ്യാത ഇറാനിയൻ സംവിധാകയൻ ദാരിയുഷ് മെർജുയിയും ഭാര്യ വഹീദ മുഹമ്മദിഫാറും അജ്ഞാത അക്രമി കൊലപ്പെടുത്തി. സ്വന്തം വീട്ടിൽ ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇറാൻ വാർത്ത ഏജൻസിയാണ് മരണവാർത്ത റിപ്പോർട്ട് ചെയ്തത്.
തെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള വസതിയിലാണ് ദാരിയുഷ് മെർജൂയിയും ഭാര്യയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ മകൾ മോന മെർജുയിയാണ് മാതാപിതാക്കളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കൊലപാതകത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല. ഇരുവരുടെയും കഴുത്തിലാണ് കുത്തേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അടുത്തിടെ സംവിധായകന്റെ ഭാര്യ വധഭീഷണി നേരിടുന്നതായി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.