മോഹന്‍ലാല്‍-ജീത്തുജോസഫ് ചിത്രം നേരിന്റെ റിലീസ് തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. നേര് എന്ന സിനിമ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നാരോപിച്ചുള്ള തൃശൂര്‍ സ്വദേശിയുടെ ഹര്‍ജിയില്‍ മോഹന്‍ലാല്‍, സംവിധായകന് ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിനേതാവുമായ അഡ്വ. ശാന്തി മായാദേവി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.
തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ദീപു കെ. ഉണ്ണിയാണ് ഹര്‍ജി നല്‍കിയത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ തിരക്കഥ ജീത്തു ജോസഫും ശാന്തിപ്രിയ എന്ന ശാന്തി മായാദേവിയും ചേര്‍ന്ന് ഒരുക്കിയത് തന്റെ കഥ മോഷ്ടിച്ചാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
49 പേജ് അടങ്ങിയ തന്റെ കഥാതന്തുവിന്റെ പകര്‍പ്പ് ഇരുവരും മൂന്ന് വര്‍ഷം മുന്‍പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍നിന്ന് ഒഴിവാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. നേര് സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു.