ഹെലികോപ്റ്റർ ടാക്സി സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. യുപിയിലെ ടൂറിസം വകുപ്പാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ആഗ്രയിലും മഥുരയിലുമാണ് സര്‍വീസുകള്‍ തുടങ്ങുക.
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കം.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ രാജാസ് എയറോസ്പോര്‍ട്സ് ആന്‍ഡ് അഡ്വഞ്ചേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. ഈ സ്ഥലങ്ങളില്‍ ഹെലിപോര്‍ട്ടുകളും സജ്ജമാക്കും.
ആഗ്ര, മഥുര, വൃന്ദാവന്‍ മേഖലകളില്‍ ആരംഭിക്കുന്ന ഈ ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്ന് സംസ്ഥാന ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി ജയ്വീര് സിങ് പറഞ്ഞു.