ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ഗുരുതരാവസ്ഥയിൽ തുടരുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 360 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയില്ലെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.
അതേസമയം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ ശരാശരി എക്യുഐ 419 ആയി രേഖപ്പെടുത്തി. ബുധനാഴ്ച 401, ചൊവ്വാഴ്ച 397, തിങ്കളാഴ്ച 358, ഞായറാഴ്ച 218, ശനിയാഴ്ച 220, കഴിഞ്ഞ വെള്ളിയാഴ്ച 279 എന്നിങ്ങനെയാണ് മുമ്പുള്ള ദിവസങ്ങളിലെ കണക്കുകൾ.
വ്യാഴാഴ്ച ഡൽഹിയിലുണ്ടായ വായു മലിനീകരണത്തിന് കാരണം വാഹനത്തിൽ നിന്നുള്ള പുറന്തള്ളൽ ആണെന്നാണ് റിപ്പോർട്ട്. ഇത് മൊത്തം മലിനീകരണത്തിന്റെ 25 ശതമാനം വരുമെന്നും ഡൽഹി സർക്കാരും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാൺപൂരും നൽകിയ കണക്കുകൾ പറയുന്നു
